
ജാമിഅ മദീനതുന്നൂർ ഡൽഹി കാമ്പസ് ; ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി
കോഴിക്കോട്: രാജ്യതലസ്ഥാനമായ ഡൽഹിയിൽ പുതുതായി ആരംഭിക്കുന്ന ജാമിഅ മദീനതുന്നൂർ കാമ്പസിലേക്ക് പോകുന്ന ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് യാത്രയപ്പ് നൽകി. ജാമിഅ മദീനതുന്നൂറിൻ്റെ രണ്ട് വർഷത്തെ നൂറാനി ഫിനിഷിങ് കോഴ്‌സിന്റെ ഭാഗമായാണ് ഡൽഹി സിലംപൂരിലെ മർകസ് കാമ്പസിലേക്ക് വിദ്യാർത്ഥികളെത്തുന്നത്. ജാമിഅ മദീനതുന്നൂറിന്റെ വിവിധ മിഷനുകളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് പ്രത്യേക വൈദഗ്ധ്യവും ഫീൽഡ് എക്സ്‌പോഷറും നൽകുന്ന ഫിനിഷിങ് കോഴ്‌സിൽ ദേശീയ തലത്തിലുള്ള വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളെ പരിചയപ്പെടുന്നതിനും അവസരം ലഭിക്കും.
മുദരിസ് ഇക്‌റാം നൂറാനിയുടെ നേതൃത്വത്തിൽ 16 വിദ്യാർത്ഥികളടങ്ങുന്ന സംഘമാണ് ആദ്യ ബാച്ചിലുള്ളത്.ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആശീർവാദത്താൽ മർകസിൽ നടന്ന യാത്രയപ്പ് സംഗമത്തിന് ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നേതൃത്വം നൽകി. ഡൽഹിയിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാൻ ഡൽഹി മർകസ് മാനേജർ സി പി സ്വാദിഖ് നൂറാനിയുടെ നേതൃത്വത്തിൽ വിപുലമായ സ്വീകരണമാണ് കമ്മിറ്റി ഒരുക്കിയിട്ടുള്ളത്.











