
ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥി ഹാഫിള് അമീൻ മയ്യിൽ രചിച്ച പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട് :ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥി ഹാഫിള് അമീൻ മയ്യിൽ രചിച്ച 'ചിത്താരി ഹംസ മുസ്‌ലിയാർ' ജീവചരിത്ര പഠന പുസ്തകം പ്രകാശനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ പ്രസിഡൻ്റും സമുന്നത നേതൃത്വവുമായിരുന്ന ചിത്താരി ഹംസ മുസ്‌ലിയാരുടെ ജീവിതം, വൈജ്ഞാനിക സംഭാവനകൾ, ആത്മീയ നേതൃത്വം എന്നിവയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. മലൈബാർ പബ്ലിക്കേഷൻ പുറത്തിറക്കുന്ന 'മേക്കേഴ്‌സ് ഓഫ് ഇസ്ലാം ഇൻ മലബാർ' സിരീസിൻ്റെ ഭാഗമായുള്ള പത്താമത് പുസ്‌തകമാണിത്.
തളിപ്പറമ്പ് നാടുകാണി അൽ മഖറിൽ നടന്ന ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ അൽമഖർ ഫിനാൻസ് സെക്രട്ടറി അബ്ദുൽ ജബ്ബാർ ഹാജിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു. സമസ്‌ത മുശാവറ അംഗം പരിയാരം അബ്ദുറഹ്മാൻ ബാഖവി, കേന്ദ്ര മുശാവറ അംഗം അബ്ദുൽ ഗഫൂർ ബാഖവി കാമിൽ സഖാഫി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ജാമിഅ മദീനതുന്നൂർബാച്ചിലർ നാലാം വർഷ ഇക്കണോമിക്സ് വിദ്യാർഥിയായ അമീനിന് നേരത്തെ ജൂനിയർ മീം അവാർഡും ലഭിച്ചിട്ടുണ്ട് . കണ്ണൂർ മയ്യിൽ സ്വദേശികളായ അബ്ദുറഹ്മാൻ- സമീറ ദമ്പതികളുടെ മകനാണ്.











