
ഇന്ത്യൻ വിദ്യാർഥികൾക്ക് നഹ്ദ യൂണിവേഴ്സിറ്റിയിൽ കൂടുതൽ മെഡിക്കൽ സീറ്റുകളും സ്കോളർഷിപ്പുകളും
കെയ്‌റോ: ഈജിപ്തിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളോടുകൂടി കൂടുതൽ മെഡിക്കൽ വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളുമായി ഫുസ്‌താത്. വിദ്യാർഥികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുന്നതിനും അഡ്മിഷൻ, ഡോക്യുമെന്റേഷൻ നടപടികൾ കൂടുതൽ സുതാര്യവും സൗകര്യപ്രദവുമാക്കുന്നതിനും തീരുമാനമായി.
നഹ്ദ യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ് പ്രൊഫ. അഷ്റഫ് ഉമറും ഫുസ്‌താത് സി.ഇ.ഒ അഡ്വ. മുഹമ്മദ് ശംവീൽ നൂറാനിയും തമ്മിൽ കെയ്‌റോയിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശന നടപടികളിൽ ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും നൽകാനും തീരുമാനിച്ചു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്മദിന്റെ പേരിലുള്ള സ്കോളർഷിപ്പുകളുടെ എണ്ണം വർധിപ്പിക്കാമെന്നും നഹ്ദ യൂണിവേഴ്സിറ്റി അധികൃതർ ഉറപ്പ് നൽകി. ഇന്ത്യയിലുടനീളം സാമൂഹിക-വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശൈഖ് അബൂബക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിലവിൽ നിരവധി വിദ്യാർഥികൾക്ക് ലോകത്തിന്റെ വിവിധ സർവകലാശാലകളിൽ സൗജന്യ വിദ്യാഭ്യാസം ലഭിച്ചുവരുന്നുണ്ട്.











