
ഇൻട്രാ ജാമിഅ ഖുർആൻ അക്കാദമിക് കോൺഫറൻസ് സമാപിച്ചു
കോഴിക്കോട് : ജാമിഅ മദീനതുന്നൂർ ഡിപ്പാർട്ട്മെന്റ് ഓഫ് തഫ്സീറിന്റെ ആഭിമുഖ്യത്തിൽ അൽ ബയാൻ തഫ്സീർ കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ഇൻട്രാ ജാമിഅ ഖുർആൻ അക്കാദമിക് കോൺഫറൻസ് സമാപിച്ചു. പൂനൂർ മർകസ് ഗാർഡനിൽ നടന്ന കോൺഫറൻസ് ജാമിഅ മദീനതുന്നൂർ പ്രോ-റെക്ടർ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു. ഡീൻ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് സഈദ് നൂറാനി കോൺഫറൻസ് തീം ടോക്ക് അവതരിപ്പിച്ചു.
ഖുർആൻ പഠനത്തിലും തഫ്സീർ ഗവേഷണത്തിലും അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കോൺക്ലേവിൽ തഫ്‌സീർ രചനാ രീതിശാസ്ത്രം, ഖുർആൻ പഠനങ്ങളുടെ പ്രാധാന്യം , കാലോചിതമായ തഫ്‌സീർ വായനകൾ എന്നിവ ചർച്ചയായി.
കോൺഫറൻസിന്റെ ഭാഗമായി ജാമിഅ മദീനതുന്നൂർ നാദി ദഅവ ശരീഅ ക്ലബ് ഒരുക്കിയ ഖുർആൻ വാൾ ശ്രദ്ധേയമായി.
ഇൻട്രാ ജാമിഅ ഖുർആൻ അക്കാദമിക് കോൺഫറൻസിലെ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡിൽ മിഅ്റാജ് ഇന്റഗ്രേറ്റഡ് കാമ്പസ് വിദ്യാർത്ഥികളായ മുഹമ്മദ് ഷാഫി സഈദ് , അബ്ദുൽ ഹാദി സിദീഖ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി.ബെംഗളൂരുവിലെ മർകിൻസ് കാമ്പസ് വിദ്യാർത്ഥി ഹിദായത്തുല്ല ഇസ്മാഈൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാൻഡ് തഫ്സീർ ക്വിസിൽ പൂനൂർ മർകസ് ഗാർഡൻ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ നൗഷാദ്, ത്വാഹ അബ്ദുറഹ്മാൻ എന്നിവർ ഒന്നാം സ്ഥാനവും, കാന്തപുരം ഇമാം റബ്ബാനി കാമ്പസിലെ അബ്ദുല്ല അഹ്മദ് ജലാലുദ്ദീൻ, ജൗഹർ ഹുസൈൻ എന്നിവർ രണ്ടാം സ്ഥാനവും, ഈങ്ങാപ്പുഴ ദാറുൽ ഹിദായ ഗ്ലോബൽ അക്കാദമിയിലെ അബ്ദുൽ ഖാദർ സൈൻ, വാസിൽ റഷീദ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
സമാപന സംഗമത്തിൽ മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂസ്വാലിഹ് സഖാഫി അവാർഡ് ദാനം നിർവ്വഹിച്ചു. മുബശിർ നൂറാനി, ഇംതിയാസ് നൂറാനി എന്നിവർ സംബന്ധിച്ചു. ഡിപാർട്ട്മെൻ്റ് ഓഫ് തഫ്‌സീർ അസ്സിറ്റൻഡ് എച്ച് ഒ ഡി യാസീൻ സിദ്ദീഖ് നൂറാനി സ്വാഗതവും അക്കാദമിക് ഓഫീസർ സിനാൻ നൂറാനി നന്ദിയും പറഞ്ഞു.











