
സോഷ്യോ സിനാപ്സിലെ ആദ്യ ജേതാവായി മുഹമ്മദ് അദ്നാൻ; സാഹിത്യ സംവാദത്തിലും ഒന്നാം സ്ഥാനം
കോഴിക്കോട് : ആലപ്പുഴയിൽ നടന്ന 33-ാമത് കേരള സാഹിത്യോത്സവിൽ ഇരട്ട വിജയം നേടി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥി മുഹമ്മദ് അദ്നാൻ എ. പി.
ജൂനിയർ വിഭാഗത്തിലെ സോഷ്യോ സിനാപ്സ്, സാഹിത്യ സംവാദം എന്നീ മത്സരങ്ങളിലാണ് അദ്നാൻ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
കേരള സാഹിത്യോത്സവിൽ ഈ വർഷം ആദ്യമായി ഉൾപ്പെടുത്തിയ മത്സരമാണ് സോഷ്യോ സിനാപ്സ്. മുൻകൂട്ടി നിശ്ചയിച്ച വിഷയത്തെ ആസ്പദമാക്കി കഥ രചിച്ച് അവതരിപ്പിക്കുന്ന മത്സരമാണിത്. 'കുടിയേറ്റവും തിരിച്ചുവരവും' എന്ന വിഷയത്തിൽ, ഡിജിറ്റൽ ലോകത്തേക്കുള്ള പുതിയ തലമുറയുടെ കുടിയേറ്റവും യഥാർത്ഥ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ ആവശ്യകതയും പ്രമേയമാക്കി അദ്നാൻ രചിച്ച കഥക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്.നിർദേശിക്കപ്പെട്ട പുസ്തകത്തെ ആസ്പദമാക്കി വിമർശനാത്മക സംവാദം നടത്തുന്ന മത്സരമായ സാഹിത്യ സംവാദത്തിലും അദ്നാനിൻ്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ജാമിഅ മദീനതുന്നൂർ ബി എ സോഷ്യോളജി മൂന്നാം വർഷ വിദ്യാർത്ഥിയായ അദ്നാൻ മലപ്പുറം വെസ്റ്റ് ജില്ലയിലെ ചെങ്ങാനി സ്വദേശികളായ അബ്ദുൽ റഷീദ് എ. പി. - ഷംല പി. ദമ്പതികളുടെ മകനാണ്. മികച്ച നേട്ടം കൈവരിച്ച മുഹമ്മദ് അദ്നാനെ ജാമിഅ മദീനതുന്നൂർ എക്സിക്യൂട്ടീവ് കൗൺസിൽ അഭിനന്ദിച്ചു.











